Leader Page
ഭാരതീയദർശനത്തിൽ അഗാധ പാണ്ഡിത്യമുള്ള ക്രൈസ്തവ വൈദികരുടെയിടയിൽ ഒരാളാണ് ആദരണീയനായ ജേക്കബ് കട്ടയ്ക്കലച്ചൻ. എന്നാൽ ഈശോ മിശിഹായുടെ സുവിശേഷദർശനത്തെ അനായാസം മനസിലാക്കാൻ ഭാരതീയ തത്ത്വചിന്ത സഹായിക്കും എന്ന ബോധ്യത്തിലേക്ക് വിദ്യാർഥികളെ നയിക്കാൻ പ്രാപ്തനായ ഒരു അധ്യാപകനെന്ന നിലയിൽ കട്ടയ്ക്കലച്ചന്റെ സ്ഥാനം അനന്യമാണ്. വൈദികവിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ ഭാരതീയ തത്ത്വചിന്തയ്ക്ക് ഗണ്യമായ ഒരു സ്ഥാനം ഉണ്ടായിരിക്കണമെന്നു നിർബന്ധബുദ്ധിയുള്ള അധ്യാപകനായിരുന്നു അദ്ദേഹം.
വടവാതൂർ സെമിനാരിയിലെയും പൗരസ്ത്യ വിദ്യാപീഠത്തിലെയും തത്ത്വശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും അധ്യാപകനായി 1965 മുതൽ 1986 വരെയും തുടർന്ന് 1988 മുതൽ 1995 വരെയും അദ്ദേഹം നിർവഹിച്ച ദീർഘകാല ശുശ്രൂഷയെ ഭാരതത്തിലെ ക്രൈസ്തവ സഭ എന്നെന്നും നന്ദിയോടെ സ്മരിക്കും. അദ്വൈത വേദാന്തം, ഉപനിഷത്തുകൾ, ഭാരതീയ തത്ത്വചിന്ത, മതാന്തര പഠനം, സംസ്കൃത ഭാഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി കട്ടയ്ക്കലച്ചൻ എടുത്ത ക്ലാസുകൾ സെമിനാരിയിലെ തത്ത്വശാസ്ത്ര പഠനത്തിനും ദൈവശാസ്ത്ര പഠനത്തിനും വലിയ മുതൽക്കൂട്ടായിരുന്നു. വളരെ സാധാരണക്കാരായ മനുഷ്യർക്കുപോലും മനസിലാകുന്ന രീതിയിൽ ഉപനിഷദ് വാക്യങ്ങളെ ക്രൈസ്തവമൂല്യങ്ങളോട് ചേർത്തുകാണാൻ അദ്ദേഹം പഠിപ്പിക്കുന്നുണ്ട്.
വ്യക്തിപരമായ മതവിശ്വാസങ്ങൾക്കതീതമായി ഓരോ ഭാരതീയനും നിർബന്ധമായും മനസിൽ സൂക്ഷിക്കേണ്ട പ്രബോധനങ്ങളാണ് ഭാരതീയ ദർശനങ്ങളിലുള്ളതെന്ന് കട്ടയ്ക്കലച്ചൻ ഊന്നിപ്പറയുമായിരുന്നു. മറ്റു മതങ്ങളെ ആദരവോടെ കാണണമെന്ന് അദ്ദേഹം പഠിപ്പിച്ചിരുന്നു. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന നിത്യസത്യത്തിന്റെ രശ്മി മറ്റു മതങ്ങളും സംവഹിക്കുന്നുണ്ട് എന്ന രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ ((Nostra Aetate, 2) പ്രബോധനത്തെ സദാ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കട്ടയ്ക്കലച്ചൻ.
താൻ പഠിപ്പിക്കുന്ന വിഷയങ്ങളെ സംബന്ധിച്ചിടത്തോളം അന്തർദേശീയതലത്തിൽ ശ്രദ്ധ നേടിയ പണ്ഡിതനായിരുന്നു അദ്ദേഹം. ധാരാളം ഗ്രന്ഥങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ദേശീയവും അന്തർദേശീയവുമായ പ്രബന്ധാവതരണങ്ങളിലൂടെയും അദ്ദേഹം തന്റെ ആഴമേറിയ പാണ്ഡിത്യം ലോകത്തിനു പകർന്നു നല്കി. റുഡോൾഫ് ഓട്ടോ, ആൽബർട്ട് ഷ്വൈറ്റ്സെർ തുടങ്ങിയ പാശ്ചാത്യ ചിന്തകർ അദ്വൈതചിന്തയിൽ ധാർമികതയ്ക്ക് സ്ഥാനമില്ലെന്ന് വാദിച്ചു.
ഇത്തരമൊരു കാഴ്ചപ്പാടിന്റെ ചുവടുപിടിച്ച് ക്രൈസ്തവ ചിന്തയും അദ്വൈതവേദാന്തം പോലുള്ള ഭാരതീയ തത്ത്വചിന്തയും ഒരിക്കലും കൂട്ടിമുട്ടാനാവാത്ത സമാന്തര രേഖകളാണെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ, അദ്വൈത വേദാന്തചിന്തയെ ശരിയായി മനസിലാക്കാൻ കഴിയാത്തവരാണ് അത്തരം നിലപാടുകൾ സ്വീകരിക്കുന്നതെന്ന് കട്ടയ്ക്കലച്ചൻ സമർഥിക്കുന്നു. ‘അദ്വൈതത്തിൽ മതവും ധാർമികതയും’ ((Religion and Ethics in Advaita) എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം തന്റെ സുപ്രധാനമായ കണ്ടെത്തലിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നു.
സാഹിത്യ, വൈജ്ഞാനിക, ദൈവശാസ്ത്ര മേഖലകളിലായി കട്ടയ്ക്കലച്ചൻ നാൽപ്പതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ മതാന്തര സംവാദത്തിന്റെയും ഭാരതീയ തത്ത്വചിന്തയുടെയും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെയും മേഖലകളിലെ ഗ്രന്ഥങ്ങൾ സവിശേഷ ശ്രദ്ധ നേടിയവയാണ്.
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ക്രിസ്തുദർശനം’ കട്ടയ്ക്കലച്ചൻ ഫാ. ജോർജ് പുഞ്ചക്കുന്നേലിനോട് ചേർന്ന് എഡിറ്റ് ചെയ്ത ഗ്രന്ഥമാണ്. ക്രിസ്തുവിജ്ഞാനീയത്തിലുള്ള മലയാളത്തിലെ പ്രഥമവും സമഗ്രവുമായ ബൃഹദ് ഗ്രന്ഥമാണിത്. തന്റെ ഗവേഷണപ്രബന്ധത്തെ ആസ്പദമാക്കി കട്ടയ്ക്കലച്ചൻ പ്രസിദ്ധീകരിച്ച ‘മതവും ധാർമികതയും അദ്വൈത’ യിൽ എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി.
‘ഭഗവദ് ഗീത എ ക്രിസ്ത്യൻ കമന്ററി’ ക്രിസ്തീയ വീക്ഷണകോണിലൂടെ ഭഗവദ് ഗീതയെക്കുറിച്ച് നടത്തിയ വിശദമായ പഠനമാണ്. ‘അക്വിനാസ്, ശങ്കര മധ്വ ദർശനങ്ങൾ ’ ക്രൈസ്തവ, ഹൈന്ദവ ദർശനങ്ങളുടെ താരതമ്യ പഠനമാണ്. ഈശാവാസ്യ ഉപനിഷത്തിന്റെയും, കഠോപനിഷത്തിന്റെയും മലയാള പരിഭാഷകളും വ്യാഖ്യാനപഠനങ്ങളും അടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘അവതാരവും ഉത്ഥാനവും ലോകമതങ്ങളിൽ ’ എന്ന കൃതി വിവിധ മതങ്ങളിലെ പുനർജന്മം, അവതാരങ്ങൾ, ഉത്ഥാനം എന്നിവയെക്കുറിച്ചുള്ള പഠനമാണ്. ‘മിസ്റ്റിസിസം ഓഫ് ദ ഈസ്റ്റ് ’ എന്ന കൃതി യിൽ പൗരസ്ത്യ മതങ്ങളിലെ മിസ്റ്റിക്കൽ പാരമ്പര്യങ്ങളും അവയ്ക്ക് ക്രിസ്തീയ മിസ്റ്റിക്കൽ അനുഭവങ്ങളോടുള്ള ബന്ധവുമാണ് പഠനവിഷയം. പഴയനിയമത്തിലെ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഒരു പഠനവും കട്ടയ്ക്കലച്ചൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അൽഫോൻസാമ്മയുടെ ജീവചരിത്രം, മാർ കരിയാറ്റിയെക്കുറിച്ചുള്ള ചരിത്രപഠനം, ബൈബിളിലെ നവരസങ്ങളെക്കുറിച്ചുള്ള പഠനം, ‘നചി ഗുരു ദ ഹീറോ ഓഫ് ഔർ ഏജ്’ എന്ന മതദാർശനിക നോവൽ എന്നീ ഗ്രന്ഥങ്ങൾ കട്ടയ്ക്കലച്ചന്റെ കൃതികളിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്നവയാണ്.
നർമരസ പ്രധാനമായ നിരവധി ലേഖന സമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ സുപ്രധാന ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അച്ചന്റെ ധാരാളം രചനകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.
മലയാളത്തിലെ തലയെടുപ്പുള്ള സാംസ്കാരിക നായകന്മാരോടും എൻ. വി. കൃഷ്ണവാര്യരെ പോലുള്ള സാഹിത്യ നായകന്മാരോടും ഉറ്റ സൗഹൃദം പുലർത്തിയിരുന്ന കട്ടയ്ക്കലച്ചന്റെ രചനകൾ മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾക്കിടയിൽ അംഗീകാരം നേടിയവയായിരുന്നു.
ഭാരതീയ, ക്രൈസ്തവ ദർശനങ്ങളിൽ അഗാധ പണ്ഡിതനായിരുന്നെങ്കിലും വളരെ സാധാരണക്കാരനായ എളിയ വൈദികനായിട്ടായിരുന്നു കട്ടയ്ക്കലച്ചൻ ജീവിച്ചത്. മിശിഹായുടെ ഒരു പുരോഹിതനെന്ന നിലയിൽ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഈശോമിശിഹായെ പ്രഘോഷിക്കുകയാണ് തന്റെ മുഖ്യ ദൗത്യമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. വടവാതൂരിലെ അധ്യാപന ജീവിതത്തിനുശേഷം അദ്ദേഹം അമേരിക്കയിൽ ചിലവഴിച്ച വർഷങ്ങൾ സുവിശേഷ പ്രഘോഷണത്തിന്റേതായിരുന്നു എന്ന് നിസംശയം പറയാം.
അമേരിക്കയിലെ ശുശ്രൂഷാകാലത്ത് വിശ്വാസം മന്ദീഭവിച്ച നാമമാത്ര ക്രിസ്ത്യാനികളോട് അദ്ദേഹം സധൈര്യം കർത്താവിന്റെ സുവിശേഷമറിയിച്ചു. ഇന്ത്യയിൽ മടങ്ങിയെത്തിയതിനുശേഷം മുന്‍പ് അച്ചൻ ശുശ്രൂഷ ചെയ്തിരുന്ന കലിഫോർണിയയിലെ പള്ളി 2023ൽ സന്ദർശിക്കുന്ന വേളയിലാണ് അദ്ദേഹത്തിന് കലശലായ രോഗം ബാധിച്ചത്. ശുശ്രൂഷാകാലത്ത് പകർന്നുകൊടുത്ത സ്നേഹം അച്ചൻ രോഗശയ്യയിലായപ്പോൾ ആ ജനം നൂറിരട്ടിയായി തിരികെക്കൊടുത്തു.
സെമിനാരിയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിച്ചിരുന്നപ്പോഴും ഉള്ളിൽ സൂക്ഷിച്ചിരുന്ന പ്രേഷിതതീക്ഷ്ണതയുടെ അഗ്നിയാണ് അദ്ദേഹം ജനങ്ങൾക്കിടയിലേക്കിറങ്ങിച്ചെന്നപ്പോൾ ജ്വലിച്ചു പടർന്നുയർന്നത്. പ്രേഷിതാവേശത്തിന്റെ ചൂരും ചൂടുമുള്ളതായിരുന്നു കട്ടയ്ക്കലച്ചന്റെ ക്ലാസുകളെന്ന് ഒരേ സ്വരത്തിൽ പറയുന്ന ബഹുശതം വിദ്യാർഥികളിലൂടെ അച്ചന്റെ ദർശനം കൈമാറ്റം ചെയ്യപ്പെടുമെന്ന് പ്രത്യാശിക്കാം. ബഹുമാനപ്പെട്ട കട്ടയ്ക്കലച്ചന്റെ പാവനസ്മരണയ്ക്കു മുന്പിൽ ഞങ്ങൾ പ്രിയ ശിഷ്യഗണങ്ങൾ പ്രണാമമർപ്പിക്കുന്നു.
Kerala
കോട്ടയം: കുടുംബ പ്രശ്നത്തെ തുടർന്ന് അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി അക്രമിച്ചു. കോട്ടയം നഗരത്തിലെ ഒരു സ്കൂളിൽ നടന്ന സംഭവത്തിൽ അധ്യാപിക ഡോണിയായ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ ഭർത്താവ് കൊച്ചുമോനെതിരെ പോലീസ് കേസെടുത്തു. ഇന്നു രാവിലെ 10.30നാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന ഡോണിയയെ അന്വേഷിച്ചാണ് ഭര്‍ത്താവ് സ്കൂളിലെത്തിയത്. ക്ലാസ് റൂമില്‍ നിന്നും ഓഫീസിലേക്ക് വിളിച്ചു വരുത്തി ശേഷം അധ്യാപികയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡോണിയയെ പിന്തുടര്ന്നെത്തിയ ഭര്‍ത്താവ് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപകരും നാട്ടുകാരും ഓടിക്കൂടുന്നതിനിടയില് ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ ഡോണിയായെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭർത്താവ് കൊച്ചുമോൻ ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
National
അമരാവതി: ദളിത് വിദ്യാർഥികളെ അധ്യാപകൻ ജാതീയമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സ്കൂളിൽ പ്രതിഷേധിച്ച് രക്ഷിതാക്കളും വിദ്യാർഥികളും. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ യാൻഡപ്പള്ളിയിലാണ് സംഭവം.
ശ്രീനുബാബു എന്ന ഇംഗ്ലീഷ് അധ്യാപകൻ ദളിത് സമുദായത്തിലെ വിദ്യാർഥികളെ നിരന്തരം അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്നാണ് യു കോട്ടപ്പള്ളി മണ്ഡലിലെ ഹൈസ്കൂളിന് മുന്നിൽ പ്രതിഷേധം നടന്നത്.
"നിങ്ങൾ ഒരു വൃത്തികെട്ട ജാതിയിൽപ്പെട്ടവരാണ്, പട്ടികജാതിക്കാർ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ആളുകളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ' എന്ന് തുടങ്ങി നിരവധി പരാമർശങ്ങൾ അധ്യാപകൻ വിദ്യാർഥികളോട് ചോദിച്ചുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്ത പ്രധാനാധ്യാപകൻ സുരേഷ് ഭൂഷണിനെതിരെയും വിദ്യാർഥികൾ പ്രതിഷേധം നടത്തി. പ്രധാനാധ്യാപകൻ സ്കൂളിലെ പെൺകുട്ടികൾക്ക് നേരെ മോശമായ വാക്കുകൾ ഉപയോഗിക്കുന്നതായും വിദ്യാർഥികൾ ആരോപിച്ചു.
വിഷയത്തിൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ എന്തെങ്കിലും നടപടി സ്വീകരിച്ചോയെന്ന് വ്യക്തമല്ല. പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
Kerala
കണ്ണൂർ: ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മാഹി ബൈപ്പാസിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിത (32) ആണ് മരിച്ചത്.
പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ആന്ത്രോപോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ച്ചറാണ് രമിത. മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപത്ത് വെച്ച് രമിത സഞ്ചരിച്ച സ്കൂട്ടറിൽ ചെങ്കൽ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.